രാജാക്കാട് (ഇടുക്കി): മക്കളെ സ്കൂളിലയയ്ക്കാന്‍ പോകുംവഴി കാട്ടാനയാക്രമണത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. മക്കളായ രക്ഷാന്റെയും രക്ഷിണയുടെയും കണ്മുന്നിലാണ് സംഭവം. ചിന്നക്കനാല്‍ സിങ്കുകണ്ടം അങ്കണവാടി തെരുവില്‍ താമസിക്കുന്ന മാരിയാണ് (35) ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലപ്പെട്ടത്.
തിരുവള്ളൂര്‍ ഉന്നതിയില്‍നിന്ന് മക്കളെ സ്കൂളില്‍ അയയ്ക്കാന്‍ റോഡിലൂടെ നടന്നു പോകുന്പോഴാണ് കാട്ടാനയുടെ ആക്രമണം. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്ററോളം നടന്ന് ബോഡിമെട്ട്-സൂര്യനെല്ലി റോഡില്‍ എത്തിയാണ് ചിന്നക്കനാല്‍ ഗവ.സ്കൂളില്‍ പഠിക്കുന്ന ഇവരെ സ്കൂള്‍ ബസില്‍ കയറ്റിവിടുന്നത്. പ്രദേശത്ത് കാട്ടാനകളുടെ സാമീപ്യമുള്ളതിനാല്‍ കുട്ടികളെ തനിയെ അയയ്ക്കരുതെന്ന് പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ഫോണിലൂടെ സന്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടികള്‍ വരുകയും പോകുകയും ചെയ്യുന്നത്.
മാരിയും രണ്ടു കുട്ടികളും സ്കൂള്‍ബസ് നിര്‍ത്തുന്ന സ്റ്റോപ്പിലേക്കു പോകുന്നതിനിടെ പിടിയാനയും കുട്ടിയാനയും ഇവര്‍ക്കു നേരെ ഓടിയടുക്കുകയായിരുന്നു. പിടിയാന തുമ്പക്കൈകൊണ്ട് മാരിയെ എടുത്തെറിഞ്ഞ ശേഷം ചവിട്ടി. പിന്നാലെ വന്ന മൂത്ത മകൻ രക്ഷാന്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞും മഴയും മൂലം, റോഡരികില്‍ നിലയുറപ്പിച്ച കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല.
പ്രദേശവാസികള്‍ എത്തി മാരിയെ സൂര്യനെല്ലിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൈക്കും കാലിനും പരിക്കേറ്റ രക്ഷാനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി. മാരിയുടെ ഭര്‍ത്താവ് രാജ ഒരുവര്‍ഷം മുമ്പ് രോഗബാധിതനായി മരണമടഞ്ഞിരുന്നു. മാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
നഷ്ടപരിഹാരത്തിനു പുറമെ കുട്ടികളുടെ ഭാവി കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. ഇതിനു പുറമെ പ്രദേശത്തെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായില്ലെങ്കില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്നും നാട്ടുകാര്‍ നിലപാട് സ്വീകരിച്ചു. പിന്നീട് നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്.